കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ പരാതി നൽകി എസ്.എഫ്.ഐ. ‘എണ്ണിയെണ്ണി പകരം ചോദിക്കും’ എന്ന പ്രസ്താവനക്കെതിരെയാണ് പരാതി. മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയെന്നാണ് പരാതിയിലെ ആരോപണം. കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി വിഷ്ണുവാണ് പരാതിയുമായി സമീപിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സി.പി.എം നേതാവും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി. കണ്ണൂരിൽ മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയെന്നും ഒരു മുഖ്യമന്ത്രിയിൽനിന്ന് ഇത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നെന്നും റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ചില പൊലീസുകാർ ആവേശത്തോടെ നടപടികളുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് കയറുന്നുണ്ടെന്നും സ്ത്രീകൾ ഉൾപ്പെടെ ഇക്കാര്യം പറയുന്നുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. ആവേശത്തിൽ നടപടിയെടുക്കുന്ന പൊലീസുകാർ കോഴിക്കോടിന്റെ പഴയ സമരചരിത്രം ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമാണ് വി.ഡി. സതീശൻ നടത്തിയതെന്ന് റിയാസ് പറഞ്ഞു. ‘ചോരയ്ക്ക് ചോര’ എന്നാണ് പ്രസംഗിച്ചത്. മുഖ്യമന്ത്രി നടത്തിയ പ്രസംഗം ആഭ്യന്തരമന്ത്രി പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.


