പാലക്കാട്: ഷാഫി പറമ്പിലിന് അനുകൂലമായി കണ്ണൂരിന് പിന്നാലെ പാലക്കാട്ടും ഫ്ലക്സ് ബോർഡുകൾ. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. ‘പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി’, ‘നോവിച്ചാൽ നോക്കിയിരിക്കില്ല’ തുടങ്ങിയ കുറിപ്പുകളാണ് ബോർഡുകളിലുള്ളത്. യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
നേരത്തെ കണ്ണൂരിലും ഷാഫി പറമ്പിലിന് പിന്തുണയുമായി നിരവധി ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കുപ്രചാരണം കൊണ്ടും കുടിലതന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല’ എന്നായിരുന്നു അവയിലെ സന്ദേശം.
ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിൽ വിവാദങ്ങൾ ഉടലെടുത്തത്. ഷാഫി എ ഗ്രൂപ്പുകാരനല്ലെന്നും അങ്ങനെയാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു.
തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ചില പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ രംഗത്തിറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് ഉണ്ണിത്താൻ ആരോപിച്ചിരുന്നു.
ഉമ്മൻചാണ്ടിക്കെതിരെ ആക്രമണമുണ്ടായപ്പോൾ അദ്ദേഹത്തെ പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് മാറിനിന്നെന്നുമായിരുന്നു ഉണ്ണിത്താന്റെ മറ്റൊരു ആരോപണം. അതേസമയം, സി.പി.എം ഉമ്മൻചാണ്ടിയെ രൂക്ഷമായി വിമർശിച്ചപ്പോൾ പ്രതിരോധിച്ചത് രാജ്മോഹൻ ഉണ്ണിത്താനാണെന്ന പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ കുടുംബവും രംഗത്തെത്തി. ഇതോടെ കോൺഗ്രസിനുള്ളിലെ തർക്കം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.


