ന്യൂഡൽഹി: സിജെപി വക്താവ് സൗരവ് ദാസിനെതിരെ മഹാരാഷ്ട്ര പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായി കേന്ദ്ര സർക്കാർ. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സൗരവ് ദാസിന്റെ പാസ്പോർട്ടിൽ പൊരുത്തക്കേടുകളുണ്ടെന്നും ഇത് പൗരത്വത്തെ ബാധിച്ചേക്കാമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ലുക്ക് ഔട്ട് സർക്കുലറിന്റെ പകർപ്പ് നൽകണമെന്ന സൗരവ് ദാസിന്റെ ആവശ്യം കേന്ദ്രം തള്ളി. സർക്കുലർ പുറപ്പെടുവിച്ച വിവരം തനിക്ക് ലഭിച്ചിട്ടില്ലെന്ന് സൗരവ് ദാസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. യുകെ യാത്ര തടഞ്ഞ നടപടിക്കെതിരെ സൗരവ് ദാസ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
നവംബർ 23-നാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു. എന്നാൽ, സർക്കുലർ പുറപ്പെടുവിച്ച വിവരം അറിയിച്ചിട്ടില്ലെന്നും അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും സൗരവ് ദാസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
സർക്കുലറിനെക്കുറിച്ചുള്ള വിവരങ്ങൾ അഭിഭാഷകർക്ക് സ്വതന്ത്രമായി ശേഖരിക്കാമെന്നും അതിനുശേഷം നിയമനടപടി സ്വീകരിക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുവാദം.
ലണ്ടനിലേക്കുള്ള യാത്ര തടഞ്ഞതിനു പിന്നാലെ സൗരവ് ദാസിന്റെ പാസ്പോർട്ട് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനിൽ പങ്കുവെച്ച സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ ക്രിമിനൽ പരാതി നൽകുമെന്ന് സൗരവ് ദാസ് വ്യക്തമാക്കി. തനിക്കെതിരെ നിരന്തരമായ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യാത്ര തടഞ്ഞ നടപടിക്കെതിരായ ഹർജിയിൽ വിദേശകാര്യ മന്ത്രാലയത്തിനും റീജിയണൽ പാസ്പോർട്ട് ഓഫീസർക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഡിസംബർ ഒൻപതിനാണ് കേസ് വീണ്ടും പരിഗണിക്കുക.


