സിംഗപ്പൂർ: കള്ളം പറഞ്ഞതിന് ഒമ്പതുവയസ്സുകാരനായ മകന് ക്രൂരമായ ശിക്ഷ നൽകിയ പിതാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. കുട്ടിയുടെ വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച് ലിഫ്റ്റിലൂടെ ഫ്ലാറ്റിന്റെ താഴത്തെ നിലയിലേക്ക് അയച്ചതിനും ഈ ദൃശ്യങ്ങൾ പകർത്താൻ ഏഴുവയസ്സുകാരിയായ മകളോട് ആവശ്യപ്പെട്ടതിനുമാണ് നടപടി. കുട്ടികളെ ദേഹോപദ്രവത്തിന് ഇരയാക്കിയ കേസിൽ നവംബർ 26-ന് പ്രതി കുറ്റം സമ്മതിച്ചതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2025 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സിംഗപ്പൂരിലെ ഹൗസിങ് ബോർഡ് ഫ്ലാറ്റ് സമുച്ചയത്തിലെ എട്ടാം നിലയിലായിരുന്നു പിതാവും മക്കളും താമസിച്ചിരുന്നത്. മകൻ കള്ളം പറഞ്ഞതിൽ പ്രകോപിതനായ പിതാവ് കുട്ടിയുടെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. താഴെയെത്തിയ ശേഷം മാത്രമേ വീട്ടിലേക്ക് മടങ്ങാവൂ എന്നും നിർദേശിച്ചു.
സഹോദരന് നൽകിയ ശിക്ഷ മൊബൈൽ ഫോണിൽ പകർത്താൻ ഏഴുവയസ്സുകാരിയായ മകളോടും പിതാവ് ആവശ്യപ്പെട്ടു. പിതാവിന്റെ നിർദേശം അനുസരിച്ച പെൺകുട്ടി ദൃശ്യങ്ങൾ ചിത്രീകരിച്ചു. പൂർണ നഗ്നനായി ഇടനാഴിയിലൂടെ ഓടിയ കുട്ടി പിന്നീട് ലിഫ്റ്റിൽ കയറി. ഇതിനിടെ ലിഫ്റ്റിൽ കയറിയ രണ്ടുപേർ കുട്ടിയെ ഈ അവസ്ഥയിൽ കാണാനിടയായി. താഴത്തെ നിലയിലെത്തിയ കുട്ടി അതേ ലിഫ്റ്റിൽ തന്നെ എട്ടാം നിലയിലെ വീട്ടിലേക്ക് മടങ്ങി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. എന്നാൽ, സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും ഒരു മാസത്തിനുശേഷം ഇയാൾ മകളെ ക്രൂരമായി മർദിച്ചു. യാത്രയ്ക്കിടെ ചാംഗി വിമാനത്താവളത്തിൽവച്ച് പെൺകുട്ടിക്ക് ഛർദിയുണ്ടായതിനെത്തുടർന്നായിരുന്നു മർദനം. പ്രകോപിതനായ പിതാവ് കുട്ടിയെ അടിക്കുകയും ഇടിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രതിക്ക് ഒമ്പത് മാസം തടവുശിക്ഷ നൽകണമെന്നാണ് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ കരോലിൻ ലിം കോടതിയിൽ ആവശ്യപ്പെട്ടത്. കുട്ടിക്ക് ഏറ്റവും കൂടുതൽ വിശ്വാസവും സുരക്ഷിതത്വവും നൽകേണ്ട വ്യക്തി തന്നെ പരസ്യമായി അപമാനിക്കുകയും മാനസികമായി തളർത്തുകയും ചെയ്തുവെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
നിലവിൽ 15,000 സിംഗപ്പൂർ ഡോളറിന്റെ ജാമ്യത്തിൽ കഴിയുന്ന പ്രതി ഡിസംബർ ഒന്നിന് ആറ് മാസത്തെ തടവുശിക്ഷ അനുഭവിച്ചുതുടങ്ങുമെന്നാണ് റിപ്പോർട്ട്.


