ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സമാജ്വാദി പാർട്ടി. ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതാണ് പ്രകടന പത്രിക. സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങളും പത്രികയിലുണ്ട്.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും പെൻഷൻ പ്രായം 65 വയസായി ഉയർത്തുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്ക് പ്രതിവർഷം 40,000 രൂപ പെൻഷൻ നൽകും. ലഖ്നൗവിൽ വിദ്യാർഥികൾക്ക് മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരെ മറ്റ് ജോലികൾക്കായി നിയോഗിക്കില്ലെന്നും പ്രകടന പത്രികയിൽ പറയുന്നു.
സർക്കാർ ജോലികളിലെ ഒഴിവുകൾ നികത്തും. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും. വീടുകളിൽ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുമെന്നും വാഗ്ദാനമുണ്ട്.


