കോഴിക്കോട്: കണ്ണൂരിൽ മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയെന്നും ഒരു മുഖ്യമന്ത്രിയിൽനിന്ന് ഇത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നെന്നും സി.പി.എം നേതാവ് പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് ചില പൊലീസുകാർ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ടെന്നും റിയാസ് ആരോപിച്ചു.
എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് കയറിയിറങ്ങുകയാണ്. ആവേശത്തിൽ നടപടിയെടുക്കുന്ന പൊലീസുകാർ കോഴിക്കോടിന്റെ പഴയ സമരചരിത്രം ഓർക്കണം. എല്ലാക്കാലവും യു.ഡി.എഫ് സർക്കാരായിരിക്കില്ലെന്നും റിയാസ് മുന്നറിയിപ്പ് നൽകി.
പൊലീസ് കരുതലോടെ പ്രവർത്തിക്കണം. ‘ചോരയ്ക്ക് ചോര’ എന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമാണിത്. മുഖ്യമന്ത്രി നടത്തിയ പ്രസംഗം ആഭ്യന്തരമന്ത്രി പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസംഗം മാത്രമാണ് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും മറ്റുള്ളവരുടെ പ്രസംഗങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാങ്കുളം റിസോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ പാർട്ടി സെക്രട്ടറി വിശദീകരണം നൽകിയിട്ടുണ്ട്. ഇ.പി. ജയരാജനായാലും പി.ജെ. ആയാലും ത്യാഗപൂർണമായ ജീവിതമാണ് നയിക്കുന്നതെന്നും അവർക്കെതിരായ വാർത്തകളിൽ പ്രതികരിക്കാനില്ലെന്നും റിയാസ് പറഞ്ഞു.
പാർട്ടി സെക്രട്ടേറിയറ്റ് യോഗങ്ങളിൽ തർക്കങ്ങളുണ്ടാകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ റിസോർട്ട് പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നോ എന്ന് ഓർമയില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.


