തിരുവനന്തപുരം: സർക്കാരിനെതിരെ ഇടതുപക്ഷം നിരന്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. കാഫിർ സ്‌ക്രീൻഷോട്ട് കേസും കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ബസും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പകരം സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി സർവീസാക്കി മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അധികാരത്തിലെത്തിയ ശേഷം സഹകരണ സ്ഥാപനങ്ങളിലെ ഫീസ് വർധിപ്പിച്ചതായി പ്രചരിക്കുന്നതും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ പിണറായി സർക്കാർ തന്നെയാണ് ഫീസ് വർധിപ്പിച്ചതെന്നും നിലവിലെ സർക്കാർ ഒരു രൂപ പോലും കൂട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സമയത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ കാഫിർ സ്‌ക്രീൻഷോട്ട് ഉപയോഗിച്ചുവെന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വ്യാജ പ്രചാരണം നടത്തിയതായും അദ്ദേഹം ആരോപിച്ചു. ഇതിലൂടെ സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കങ്ങൾ വ്യക്തമാകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.




