കൊല്ലം: വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തായ സ്ത്രീയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതിൽ രഘു (56) ആണ് മരിച്ചത്. പൊള്ളലേറ്റ ഓച്ചിറ ചങ്ങൻകുളങ്ങര പള്ളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്നയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുറേനാളായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
പ്രസന്നയുടെ മകളുടെ സൈക്കിൾ രഘു എടുത്തുകൊണ്ടുപോയതിനെച്ചൊല്ലി കഴിഞ്ഞ ബുധനാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ പ്രസന്നയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തീ പടർന്നതോടെ രഘുവിന്റെ ശരീരത്തിലും പൊള്ളലേറ്റു. ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




