തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകൾക്ക് ആശ്വാസമായി മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ച ചലാൻ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഏപ്രിൽ 30-ന് അവസാനിക്കുന്നു. 2024 ഡിസംബർ 31 വരെ ലഭിച്ച ചലാനുകൾക്ക് പകുതി തുക മാത്രം അടച്ച് കേസുകൾ അവസാനിപ്പിക്കാനുള്ള ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ ഇനി രണ്ടുദിവസം മാത്രമാണ് ബാക്കിയുള്ളത്.
മൊബൈൽ നമ്പറുകൾ മാറിയതോ അപ്‌ഡേറ്റ് ചെയ്യാത്തതോ ആയ കാരണത്താൽ തങ്ങളുടെ വാഹനത്തിന് ചലാൻ ഉണ്ടോ എന്നറിയാത്തവർക്ക് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഓൺലൈനായി വിവരങ്ങൾ പരിശോധിക്കാനും പണമടയ്ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ക്യുആർ കോഡ് സംവിധാനമോ ഔദ്യോഗിക പോർട്ടലോ ഉപയോഗിച്ച് വാഹന നമ്പർ നൽകിയാൽ നിലവിലുള്ള പെൻഡിംഗ് ചലാനുകളുടെ ലിസ്റ്റ് ലഭ്യമാകും.
മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in സന്ദർശിച്ച് വാഹന നമ്പറോ ചലാൻ നമ്പറോ നൽകി ഓൺലൈനായി തന്നെ പണമടച്ച് കേസുകൾ തീർപ്പാക്കാവുന്നതാണ്. എന്നാൽ കോടതിയിലേക്ക് കൈമാറിയ ചലാനുകൾ ആണെങ്കിൽ അതത് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെട്ട് മാത്രമേ ആനുകൂല്യം നേടാൻ സാധിക്കൂ. ഏപ്രിൽ 30 കഴിഞ്ഞാൽ പിഴയടയ്ക്കുന്നവർ മുഴുവൻ തുകയും നൽകേണ്ടി വരുമെന്നും അതിനാൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കി ഉടൻ തന്നെ ചലാനുകൾ പരിശോധിച്ച് തീർപ്പാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




