ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിൽ പിടിയിലായ സജി കുറ്റം സമ്മതിച്ചു. പ്രതിയെ നേരത്തെ വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനായ സജിയോട് വിവരം അന്വേഷിച്ചിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ മകളെ വിവരം അറിയിക്കുകയും തുടർന്ന് മകൾ പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാൻ നടത്തുന്ന പോസ്റ്റുമോർട്ടം പരിശോധന ഇന്ന് പൂർത്തിയാവും.




