കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കും എന്ന അറിയിപ്പ് തന്നെയാണ് ഇപ്പോഴും വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഉറപ്പിച്ച് പറയുന്നത്. പ്രിയദർശിനി എന്ന പേരിലാകും പദ്ധതി അറിയപ്പെടുകയെന്നും ഓർഡിനറി ബസുകളിലാവും ആദ്യം നടപ്പാക്കുകയെന്നും മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ ഈ നീക്കം ഏകദേശം പ്രതീക്ഷിച്ചതുമാണ്. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തി വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമെടുക്കുമെന്ന സർക്കാർ വാക്ക് തൽക്കാലത്തേക്ക് മാറ്റിവെക്കാം.
ഇനി നിലവിൽ പറഞ്ഞിരിക്കുന്ന പോലെ പദ്ധതി നടപ്പിലാക്കുമ്പോൾ അതിൻ്റെ ഗുണം സംസ്ഥാനത്തെ മുഴുവൻ വനിതകൾക്കും സ്ഥല-പ്രാദേശിക വേർതിരിവില്ലാതെ ലഭ്യമാകുമോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഈ പദ്ധതിയുടെ കൂടുതൽ ലഭിക്കുക ഏത് ജില്ലക്കാർക്ക് എന്ന കാര്യത്തിൽ നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചകൾ ഉയർന്നതുമാണ്. കാരണം KSRTCക്ക് എല്ലാ ജില്ലകളിലും ഒരുപോലെയല്ല പ്രാധാന്യം. അതിനിടെയാണ്, ഓർഡിനറി ബസുകളുടെ ജില്ല തിരിച്ചുള്ള കെഎസ്ആർടിസിയുടെ തന്നെ കണക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഓർഡിനറി ബസ് സർവീസ് ഉള്ളത്. വടക്കൻ ജില്ലകളിൽ ഉള്ളത് വളരെ കുറച്ച് ബസുകൾ മാത്രമാണ്.
ആകെയുള്ള 3125 ഓർഡിനറി ബസുകളിൽ 687 ബസുകളും തിരുവനന്തപുരം ജില്ലയിലാണ് സർവീസ് നടത്തുന്നത്. 415 ബസുകൾ കൊല്ലം ജില്ലയിലും എറണാകുളത്ത് 325 ബസുകളും സർവീസ് നടത്തുന്നു. യുഡിഎഫിന് ഏറ്റവും കൂടുതൽ എംഎൽഎമാരെ സംഭാവന ചെയ്ത ജില്ലയായിരുന്നിട്ടും, യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതികളിൽ നിന്ന് മലപ്പുറത്തിന് ലഭിച്ചത് ഏറ്റവും കുറഞ്ഞ പരിഗണന മാത്രമാണ് എന്നതാണ് യാഥാർത്ഥ്യം. വെറും ഓർഡിനറി 98 ബസുകൾ മാത്രം ഓടുന്ന മലപ്പുറം ജില്ലയാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. പാലക്കാട്- 122, ഇടുക്കി- 125 എന്നിങ്ങനെയാണ് ഓർഡിനറി ബസുകളുടെ സർവീസ് കുറഞ്ഞ മറ്റ് ജില്ലകൾ. പത്തനംതിട്ട- 150, ആലപ്പുഴ- 227, കോട്ടയം- 162, തൃശൂർ- 153, കോഴിക്കോട്- 156, വയനാട്- 172, കണ്ണൂർ- 205, കാസർഗോഡ്- 128 എന്നിങ്ങനെയാണ് ബാക്കി ജില്ലകളിലെ ഓർഡിനറി ബസുകളുടെ കണക്ക്. അതായത്, മലബാറിലെ സ്ത്രീകൾക്ക് കാര്യമായി സൗജന്യ യാത്രയുടെ ഗുണം ലഭിക്കില്ലെന്ന് സാരം.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കുന്നതിനായി വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി ബൽറാം എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്. നിലവിൽ മലബാർ മേഖലയിൽ കെഎസ്ആർടിസി സൗകര്യങ്ങൾ വളരെ പരിമിതമാണെന്നും ഇത് യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ നിലവിൽ നാമമാത്രമായ എണ്ണം കെഎസ്ആർടിസി ഡിപ്പോകൾ മാത്രമാണുള്ളത്. ഇത് മൂലം സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകൾക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാനും പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ മാറ്റാനും സർക്കാരിന്റെ പ്രത്യേക ശ്രദ്ധ വടക്കൻ ജില്ലകളിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ ഇത്രയും വിപ്ലവകരമായൊരു പദ്ധതിയുടെ ഗുണം സംസ്ഥാനത്തെങ്ങും ഒരുപോലെ ലഭ്യമാകൂ.
ഇക്കാര്യം സഭയിൽ തന്നെ ഗതാഗത മന്ത്രി സിപി ജോണും സമ്മതിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ താരതമ്യേന വളരെ കുറവാണെന്ന വസ്തുത മന്ത്രി പറയുമ്പോഴും ഒരു പരിഹാര ഫോർമുല നിലവിൽ സർക്കാരിന് മുന്നിലില്ല. നിലവിലെ കണക്കുകൾ പ്രകാരം കെഎസ്ആർടിസിയുടെ ആകെ ബസുകളിൽ 24.3 ശതമാനം മാത്രമാണ് മലബാർ മേഖലയിലുള്ളത്. സർവീസുകളുടെ കാര്യത്തിലാകട്ടെ ഇത് വെറും 33 ശതമാനം മാത്രമാണ്.
ചുരുക്കത്തിൽ, സ്ത്രീ ശാക്തീകരണ രംഗത്ത് വലിയൊരു വിപ്ലവമാകേണ്ട ‘പ്രിയദർശിനി’ പദ്ധതി, അതിന്റെ പൂർണ്ണമായ ലക്ഷ്യം കാണണമെങ്കിൽ പ്രാദേശികമായ ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെട്ടേ തീരൂ. കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ കുറഞ്ഞ മലബാർ മേഖലയിലെയും മറ്റ് വടക്കൻ ജില്ലകളിലെയും സ്ത്രീകൾക്ക് ഈ സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കാതെ പോകുന്നത് പദ്ധതിയുടെ അന്തസ്സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. ഒരു സംസ്ഥാന പദ്ധതിയുടെ ഗുണഫലങ്ങൾ കേരളത്തിലെ മുഴുവൻ വനിതകൾക്കും ഒരേപോലെ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. കൂടുതൽ ബസുകളും അടിസ്ഥാന സൗകര്യങ്ങളും വടക്കൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് മാത്രമേ ഈ പ്രാദേശിക വിവേചനത്തിന് അറുതി വരുത്താനാകൂ. പ്രഖ്യാപനങ്ങളിലെ ആവേശം യാഥാർത്ഥ്യമാകുമ്പോൾ കേരളത്തിലെ എല്ലാ സ്ത്രീകൾക്കും അത് ഒരുപോലെ പ്രയോജനപ്പെടുന്നു എന്ന് ഉറപ്പാക്കാൻ ഭരണകൂടത്തിന് സാധിക്കട്ടെ.




