കൊല്ലം: സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കരുനാഗപ്പള്ളി എംഎൽഎ സി. ആർ. മഹേഷ്. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും തന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചെന്നും മഹേഷ് ഫേസ്ബുക്കിൽ കുറിച്ചു.
പലർക്കും അറിഞ്ഞും അറിയാതെയും ട്രാഫിക് നിയമങ്ങളിൽ വീഴ്ച സംഭവിക്കാറുണ്ട്. എന്നാൽ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഇത്തരം വീഴ്ചകൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ പോകുന്ന വഴിയാണ് സംഭവമുണ്ടായതെന്നാണ് ഓർമയെന്നും മഹേഷ് പറഞ്ഞു.
ഇനി പിഴ അടച്ചിട്ടില്ലെങ്കിൽ അത് അടയ്ക്കുമെന്നും തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം ദൃശ്യ മാധ്യമങ്ങളിൽ വാർത്തയായതിനാലാണ് വിശദീകരണം നൽകുന്നതെന്നും മഹേഷ് പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട് നന്ദിയും അദ്ദേഹം അറിയിച്ചു.
അതേസമയം, മഹേഷും കായികവകുപ്പ് മന്ത്രി ഒ. ജെ. ജനീഷിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ജെയ്‌സൺ ജെയിംസും സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജെയ്‌സൺ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവിങ്ങിനിടെ ഇയാൾ വീഡിയോ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്. വാഹനത്തിന്റെ പിൻസീറ്റിൽ ചാണ്ടി ഉമ്മൻ എംഎൽഎയെയും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
സംഭവത്തിൽ ജെയ്‌സണെ തള്ളി മന്ത്രി ഒ. ജെ. ജനീഷ് രംഗത്തെത്തി. നിയമലംഘനം നടത്തിയാൽ ആരായാലും നടപടി സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു. നിയമലംഘനങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


