കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശിയായ സൗരവ് (22)നെ കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി ഡൽഹിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തർപ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ ജോർജാണ് കേസ് അന്വേഷിക്കുന്നത്. ഏപ്രിൽ 10-നാണ് നിതിൻ രാജ് മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ഇൻസ്റ്റ പേ ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നിതിന്റെ മരണത്തിൽ ‘ഇൻസ്റ്റ പേ ലോൺ’ ആപ്പിനെതിരെ ബിഎൻഎസ് 308 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 15,000 രൂപയുടെ വായ്പയ്ക്ക് 36% പലിശ ഈടാക്കിയതായി എഫ്ഐആറിൽ പറയുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ലോൺ ആപ്പ് പ്രവർത്തകർ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയതായും മാനസിക സമ്മർദ്ദത്തിലാക്കിയതായും കണ്ടെത്തി. മരണത്തിന് മുൻദിവസം നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്‌സാപ്പ് സന്ദേശങ്ങളും എത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
അമ്മയുടെ ചികിത്സയ്ക്കായി എടുത്ത 13,500 രൂപ വായ്പ ഒരുമാസത്തിനകം 20,000 രൂപയായി വർധിച്ചുവെന്നും, അതായത് ഏകദേശം 40 ശതമാനത്തിലേറെ മാസപ്പലിശയായിരുന്നുവെന്നും കണ്ടെത്തി. വാർഷിക നിരക്കിൽ ഇത് 500 ശതമാനത്തിലധികമാകുമെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1,000 രൂപ തിരിച്ചടച്ച ശേഷമാണ് തുടർച്ചയായ ഭീഷണി ആരംഭിച്ചതെന്നും പൊലീസ് പറയുന്നു. ഉത്തരേന്ത്യ കേന്ദ്രമാക്കി വാട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴി പ്രവർത്തിക്കുന്ന അനധികൃത ലോൺ ആപ്പ് ശൃംഖലയാണ് ഇതെന്ന് അന്വേഷണത്തിൽ വ്യക്തമായി.




