ബെംഗളൂരു: തൃശ്ശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകൻ ടി. എ. അരുണിനുമെതിരെ വ്യാജ പീഡന പരാതി നൽകിയെന്ന കേസിൽ 13 പ്രതികൾക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബാനസവാടി പൊലീസ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് അന്തിമ കുറ്റപത്രം നൽകിയത്.
പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രഭരണം പിടിച്ചെടുക്കാനും സ്വത്ത് കൈവശപ്പെടുത്താനുമായി വ്യാജ പീഡന പരാതി കെട്ടിച്ചമച്ചെന്നാണ് കേസ്. തന്ത്രിയുടെ സഹോദരപുത്രൻ പ്രവീൺ കാനാടിയാണ് കേസിലെ ഒന്നാം പ്രതി.
തന്ത്രിയുടെ സഹോദരൻ ദേവദാസ്, മകൻ ശ്രീരാഗ് കാനാടി, മറ്റൊരു സഹോദരൻ വേണുഗോപാൽ, മകൻ സ്വാമിനാഥൻ, ഭാര്യ രജിത, മസാജ് പാർലർ ജീവനക്കാരിയായ രത്‌ന, സഹായി ബീന, മോണിക്ക, മുഹമ്മദ് ആലം, പി. എസ്. ശരത് മേനോൻ, സജിത്ത്, മഹേഷ് ഷെട്ടി എന്നിവരാണ് മറ്റ് പ്രതികൾ.
ക്രിമിനൽ ഗൂഢാലോചന, വ്യാജ തെളിവുകൾ സൃഷ്ടിക്കൽ, തെളിവ് നശിപ്പിക്കൽ, വഞ്ചന, ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുക്കൽ, അപകീർത്തിപ്പെടുത്തൽ, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗൂഢാലോചനയുടെ ഭാഗമായി ഏകദേശം രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതിന്റെ ബാങ്ക് രേഖകളും ഫോൺ സംഭാഷണങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചന നടന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
മസാജ് പാർലർ ജീവനക്കാരിയായ രത്‌നയെ പൂജയ്ക്കെന്ന വ്യാജേന ക്ഷേത്രത്തിൽ എത്തിച്ച് തെളിവുകൾ സൃഷ്ടിച്ച ശേഷം വ്യാജ പീഡനക്കേസ് ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2025 മേയ് 29ന് രത്‌ന നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു പൊലീസ് ടി. എ. അരുണിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് തന്ത്രി ഉണ്ണി ദാമോദരനും മകൾ ഉണ്ണിമായയും നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അരുണിനെ ആസൂത്രിതമായി കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.




