ചെന്നൈ:പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിന്റെ ദളിത് എംപിയെ പൊതുവേദിയിൽ അപമാനിച്ചെന്ന് ആരോപണം. തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ എൻ.വി.ജി.യാണ് കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലകിനോട് അപമര്യാദയായി പെരുമാറിയതെന്നാണ് ആരോപണം. സർക്കാർ പരിപാടിക്കിടെ മന്ത്രി രമേശിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം.
നിലവിളക്ക് തെളിയിക്കുന്നതിനായി ഒരുങ്ങിയ ക്രിസ്റ്റഫർ തിലക് എംപിയെ ആദ്യം വിലക്കിയതിന് പിന്നാലെയാണ് സംഭവം. എംപിയുടെ കൈയിൽനിന്ന് മെഴുകുതിരി വാങ്ങിയ എൻ.വി.ജി. അത് നിലത്തിട്ടെന്നാണ് ആരോപണം. പരിപാടിയിൽ പങ്കെടുക്കാൻ എംപി വൈകിയതിനെ തുടർന്നാണ് എംഎൽഎ അപമര്യാദയായി പെരുമാറിയതെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ ക്രിസ്റ്റഫർ തിലക് എംപി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ മൗനം പാലിക്കുകയാണ് അദ്ദേഹം.
അതേസമയം, സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി ഡിഎംകെ രംഗത്തെത്തി. ടിവികെ എംഎൽഎയുടെ നടപടി ജാതിവിവേചനമാണെന്ന് ഡിഎംകെ ആരോപിച്ചു. ദളിത് ക്രിസ്ത്യാനികളോടുള്ള ടിവികെയുടെ സമീപനം സംഭവത്തിലൂടെ വ്യക്തമായെന്ന് പി. വിൽസൺ എംപി പ്രതികരിച്ചു.
സംഭവം ടിവികെ-കോൺഗ്രസ് പോരിന്റെ തുടക്കമാണെന്ന് ശരവണൻ അണ്ണാദുരൈയും പ്രതികരിച്ചു.



