തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മൂലം കേരളത്തിലുണ്ടാകുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാൻ കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി ഐഐടി വിദഗ്ധർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമഗ്രമായ പ്രളയ പ്രതിരോധ സംവിധാനത്തിന്റെ രൂപരേഖ വിദഗ്ധ സംഘം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവച്ചത്. തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ മുന്നൊരുക്കങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റിമോട്ട് സെൻസിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാർന്ന മഴ പ്രവചന സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി പ്രളയസാധ്യതയുള്ള പ്രദേശങ്ങൾ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പ് നൽകാനും പദ്ധതിയിലൂടെ സാധിക്കും. പുഴകൾ, തടാകങ്ങൾ, കായലുകൾ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്നതിന് മുമ്പ് അത് പരിസ്ഥിതിയെയും ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്ന് ശാസ്ത്രീയമായി പഠിക്കണമെന്നും വിദഗ്ധ സംഘം നിർദേശിച്ചു.
പദ്ധതിയുടെ സാങ്കേതിക പ്രായോഗികത, സാമ്പത്തിക ബാധ്യത, നടപ്പാക്കൽ രീതി എന്നിവ വിശദമായി പരിശോധിക്കാൻ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിർദേശം നൽകി. ഇരു വകുപ്പുകളും സംയുക്തമായി വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ തുടർനടപടികൾ തീരുമാനിക്കുക.
ഉന്നതതല യോഗത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ, പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, കൃഷി മന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐ.എ.എസ് തുടങ്ങിയവർ പങ്കെടുത്തു.



