ഗാങ്ടോക്: സിക്കിം സന്ദർശനത്തിന്റെ ഭാഗമായി യുവതാരങ്ങൾക്കൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽ സിക്കിമിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50–ാം വാർഷികത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുക്കുന്നതിന് എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഫുട്ബോൾ കളി. നീലനിറത്തിലുള്ള സ്പോർട്സ് ജാക്കറ്റ് ധരിച്ച് ഗോൾ നേടുന്ന മോദിയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വൈറലായി. ഗോളടിച്ച ശേഷം കുട്ടികൾക്കൊപ്പം ആഘോഷിക്കുന്ന മോദിയേയും കാണാം.
A football morning in Gangtok! We learnt, we played, we celebrated and above everything else, we enjoyed the game…. pic.twitter.com/rZ0jLey5u7
— Narendra Modi (@narendramodi) April 28, 2026
ഗാങ്ടോക്കിൽ മനോഹരമായ പ്രഭാതത്തിൽ സിക്കിമിലെ എൻറെ യുവസുഹൃത്തുക്കളോടൊപ്പം ഫുട്‌ബോൾ കളിക്കുന്നത് ഊർജം നൽകുന്നുവെന്നാണ് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. സിക്കിമിലെത്തിയ പ്രധാനമന്ത്രി സംസ്ഥാനത്തിനായി 4000 കോടിയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചു. അമ്പെയ്ത്തിലും ഫുട്ബോളിലും കൂടുതൽ പ്രതിഭകളുണ്ടാകണം. സിക്കിമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സർക്കാർ പരിഗണന നൽകുന്നു. വിനോദ സഞ്ചാരികളുടെ വരവ് വർധിപ്പിക്കുക ലക്ഷ്യമിട്ട് ഗാങ്ടോക് റിങ്‍റോഡ്, ബംഗാളിലെ ബാഗ്‍ദോഗ്രയിൽനിന്ന് സിക്കിമിലേക്ക് എക്സ്പ്രസ് വേ എന്നിവ വികസിപ്പിക്കും.’’– പ്രധാനമന്ത്രി പറഞ്ഞു.


