പത്തനംതിട്ട: തിരുവല്ലയിൽ ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ തടഞ്ഞുവെച്ച കേസിൽ സിഎസ്‍ഡിഎസ് നേതാവ് അജിമോൻ ചാലാക്കേരിയെ റിമാൻഡ് ചെയ്തു. കാലടി സ്വദേശി സിജുവിന്റെ പരാതിയെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് രോഗിയെ തടഞ്ഞത്. ഇതിനിടെ, കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
പൊതുജനങ്ങളെ തടഞ്ഞ സംഭവങ്ങളിൽ വിശദീകരണം തേടി ബന്ധപ്പെട്ട സംഘടനാ നേതാക്കൾക്ക് നോട്ടീസ് അയച്ചു. ഹർത്താലിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് 29 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. നൂറോളം പേരെ അറസ്റ്റ് ചെയ്തതായും സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു.




