ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് മണിക്കൂറില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഡല്‍ഹിയില്‍ ഗതാഗതം താളം തെറ്റി. മെഹ്റൗളി-ബദര്‍പൂര്‍ റോഡ്, ഐടിഒ, വസീറാബാദ് റോഡ്, പട്ടേല്‍ റോഡ്, റോഹ്തക് റോഡ്, ശങ്കര്‍ റോഡ്, കീര്‍ത്തി നഗര്‍, ഡല്‍ഹി-ജയ്പൂര്‍ ഹൈവേ, പീരാഗര്‍ഹി, ഷഹീന്‍ ബാഗ് തുടങ്ങിയ മേഖലകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ ഡല്‍ഹിയിലെ ജിടി റോഡ്, ജിടിബി എന്‍ക്ലേവ്, ദില്‍ഷാദ് ഗാര്‍ഡന്‍ എന്നിവിടങ്ങളിലും ഗതാഗത തടസ്സം അനുഭവപ്പെട്ടു. ദക്ഷിണപുരി, ഓഖ്‌ല, സംഗം വിഹാര്‍, സൈനിക് ഫാംസ്, മെഹ്റൗളി-ബദര്‍പൂര്‍ റോഡിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച രാവിലെ 8.30 വരെ സഫ്ദര്‍ജംഗില്‍ 59.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ലോധി റോഡില്‍ 60.4 മില്ലിമീറ്ററും റിഡ്ജില്‍ 57 മില്ലിമീറ്ററും അയനഗറില്‍ 26.2 മില്ലിമീറ്ററും പാലത്തില്‍ 16.9 മില്ലിമീറ്ററും മഴ ലഭിച്ചു.
ഓഗസ്റ്റ് 10 വരെ ഡല്‍ഹിയില്‍ നേരിയതോ മിതമായതോ ആയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നഗരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.











