തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്ത്. കാണാതായ ജോണിന്റെ മകളെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചു. തെരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്നും സർക്കാർ പരമാവധി ശ്രമങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
അതേസമയം, മത്സ്യത്തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ നടപടികൾ വൈകുന്നത് അംഗീകരിക്കാനാകില്ലെന്നും രക്ഷാപ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും കെസിബിസി വ്യക്തമാക്കി.
തെരച്ചിലിനായി ആധുനിക ഉപകരണങ്ങളും വിദഗ്ധ സംഘങ്ങളെയും അടിയന്തരമായി എത്തിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കടലിന്റെ സ്വഭാവം അറിയുന്ന മത്സ്യത്തൊഴിലാളികളുടെ സേവനം രക്ഷാപ്രവർത്തനങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.


