ആലപ്പുഴ: മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ ഡാൻസാഫ് സംഘവും മാവേലിക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ട്രെയിനിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവരെ പരിശോധിച്ചത്. പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി നാട്ടിൽ ചില്ലറ വിൽപന നടത്താനായി കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ നേരത്തെയും പരാതികൾ ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കുറച്ചുകാലമായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
അനന്തു സജി നിരവധി ബൈക്ക് മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഐ.പി.എസ്. നൽകിയ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി അലക്സ് ബേബി, മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
മാവേലിക്കര എസ്.എച്ച്.ഒ സബിത ശിവദാസ്, സബ് ഇൻസ്പെക്ടർമാരായ സുധീപ്, അംജദ് ഖാൻ, എ.എസ്.ഐമാരായ നോബിൾ, സുനിൽകുമാർ, എസ്.സി.പി.ഒ ശാലിനി എസ്. പിള്ള, സി.പി.ഒമാരായ ജിഷ്ണു, മിഥുൻ, ശംഭു എന്നിവർ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



