ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കാനിരുന്ന രണ്ട് പരിപാടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു. ഉത്തർപ്രദേശിൽ നടത്താനിരുന്ന ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ റീജിയണൽ കോൺഫറൻസും യുവ വോട്ടർമാരുമായുള്ള സംവാദ പരിപാടിയുമാണ് മാറ്റിയത്.
മീററ്റിൽ നടത്താനിരുന്ന പരിപാടിയും സെപ്റ്റംബർ 28ന് വാരാണസിയിൽ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് മാറ്റിവെച്ചത്. എന്നാൽ പരിപാടികൾ മാറ്റിവെച്ചത് നിലവിലെ വിവാദവുമായി ബന്ധമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥന്റെ വിശദീകരണം. സെപ്റ്റംബർ 21ന് തന്നെ പരിപാടികൾ മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നെന്നും വേദിയുടെ ലഭ്യത ഉൾപ്പെടെയുള്ള ഭരണപരമായ കാരണങ്ങളാണ് പരിഗണിച്ചതെന്നും കമ്മീഷൻ അറിയിച്ചു. ഹിമാചൽ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സമാന പരിപാടികൾ നേരത്തെ മാറ്റിവെച്ചിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടായെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായത്. കഴിഞ്ഞ പത്ത് മാസത്തിനിടെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ കമ്മീഷന്റെ വിവിധ നടപടികളിൽ 14 തവണ രേഖാമൂലം വിയോജിപ്പ് അറിയിച്ചെന്നായിരുന്നു ഇന്ത്യൻ എക്സ്പ്രസിന്റെ അന്വേഷണ റിപ്പോർട്ട്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്തു. സെപ്റ്റംബർ 26നകം ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് കോക്റോച്ച് ജനത പാർട്ടിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത സംബന്ധിച്ച റിപ്പോർട്ടിൽ കമ്മീഷൻ വിശദീകരണം നൽകി. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരത്തോടെ ഏകകണ്ഠമായാണ് എടുത്തതെന്നാണ് കമ്മീഷന്റെ നിലപാട്.















