തൃശൂർ: കൊടുങ്ങല്ലൂർ കൂളിമുട്ടത്ത് ക്ഷേത്ര ശ്രീകോവിലുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. അസം സ്വദേശികളായ സുഹൈൽ അലി (19), അസൽ അലി (30) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി വൈറ്റില മേൽപ്പാലത്തിന് താഴെ ഒളിപ്പിച്ചുവെച്ച നിലയിൽ മോഷണമുതലുകൾ അന്വേഷണസംഘം കണ്ടെത്തി. പ്രതികൾ രാത്രി തങ്ങിയിരുന്നതും ഇവിടെയായിരുന്നു.
ഒക്ടോബർ 24ന് പുലർച്ചെയായിരുന്നു കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധർമദൈവ നവഗ്രഹ ക്ഷേത്രത്തിൽ മോഷണം നടന്നത്. ദേവി, ഭുവനേശ്വരി ദേവി, ഹനുമാൻ സ്വാമി എന്നിവരുടെ ശ്രീകോവിലുകൾ കുത്തിത്തുറന്നാണ് വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണമാലയും താലിയും ഭണ്ഡാരങ്ങളിലെ പണവും കവർന്നത്.
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശാസ്ത്രീയ തെളിവുകളുടെയും മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ചുള്ള പരിശോധനയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ജില്ലയിലെയും സമീപ ജില്ലകളിലെയും ആക്രിക്കടകളിലും അതിഥിത്തൊഴിലാളി ക്യാമ്പുകളിലും വ്യാപക പരിശോധന നടത്തി. തുടർന്നാണ് സമാനമായ നിരവധി കേസുകളിൽ പ്രതികളായ ഇരുവരെയും തിരിച്ചറിഞ്ഞത്.
സുഹൈൽ അലി എറണാകുളം ജില്ലയിലെ പനങ്ങാട്, അസമിലെ കാലിബോർ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ ഒന്ന് മോഷണക്കേസാണ്. അസൽ അലിക്കെതിരെ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസുമുണ്ട്.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി രതീഷ് കുമാർ ആർ, മതിലകം സി.ഐ വിമൽ, എസ്.എച്ച്.ഒ നസിയ എം. സാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. എസ്.ഐമാരായ മുഹമ്മദ് റാഫി, സഞ്ജയ്, എ.എസ്.ഐ മിഥുൻ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.




