മസ്കത്ത്: ഒമാനിലെ ആമിറാത്തിൽ നടക്കുന്ന എ.സി.സി അണ്ടർ 19 ഏഷ്യാകപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 168 പന്തിൽ 160 റൺസാണ് ആര്യവീർ നേടിയത്.
ടോസ് നേടിയ യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി വിനീത് വി.കെ 67 റൺസ് നേടി. മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ മകനും വിക്കറ്റ് കീപ്പറുമായ അൻവയ് ദ്രാവിഡിന് ഇത്തവണയും തിളങ്ങാനായില്ല. ഒൻപത് പന്തിൽ 12 റൺസെടുത്താണ് അൻവയ് പുറത്തായത്.
യുഎഇക്കായി നസീം ഖാൻ നാല് വിക്കറ്റ് വീഴ്ത്തി. ഹിദായത്തുല്ല ഖാൻ, നൂർ അയൂബി, അയാൻ മിസ്ബാഹ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ആമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലെ മിനിസ്ട്രി ടർഫ് രണ്ടിലാണ് മത്സരം നടക്കുന്നത്.
നവംബർ 14 വരെ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമിയിലാണ് ടൂർണമെന്റ്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് 50 ഓവർ മത്സരങ്ങളായാണ് നടക്കുന്നത്. എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യമാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നവംബർ 12ന് നടക്കുന്ന സെമിഫൈനലിലേക്ക് യോഗ്യത നേടും. നവംബർ 14ന് ഒ.സി.എ ഗ്രൗണ്ട് രണ്ടിലാണ് ഫൈനൽ.
ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, യുഎഇ ടീമുകളും ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ ടീമുകളുമാണ് മത്സരിക്കുന്നത്.



