തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് ഹാജരാകില്ല. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം മാത്രമേ ഹാജരാകുന്നതിൽ തീരുമാനമെടുക്കൂ എന്നാണ് ബൈജുവിന്റെ നിലപാട്.
നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ച ബൈജുവിനോട് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണസംഘം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകൂ എന്ന് ബൈജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും കർശന നോട്ടീസ് നൽകി. കേസിൽ ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുന്നത് ഇത് മൂന്നാം തവണയാണ്.


