തിരുവനന്തപുരം: യൂത്ത് ലീഗ് പ്രവർത്തകർക്കെതിരായ കേസിൽ പൊലീസ് തുടർനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് സ്വാഭാവിക നടപടിയുടെ ഭാഗമാണെന്നും കേസെടുത്തതിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് മനഃപൂർവം കുറ്റകൃത്യങ്ങൾ നടത്തുന്ന സാഹചര്യം അനുവദിക്കില്ല. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നതും ഗൗരവമായി കാണുമെന്നും കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പൊലീസിൽ 30 ശതമാനം വനിതാ പ്രാതിനിധ്യം കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
മണിയാർ പദ്ധതിയുടെ ലീസ് കാലാവധി അവസാനിച്ചെന്നും കാലാവധി കഴിഞ്ഞിട്ടും പദ്ധതി തുടരുന്നത് നിയമവിരുദ്ധമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, കൊച്ചിയിൽ ഗതാഗതം തടസ്സപ്പെടുത്തി യൂത്ത് ലീഗ് നടത്തിയ റാലിയെ നേരത്തെ ആഭ്യന്തര, വ്യവസായ മന്ത്രിമാർ ന്യായീകരിച്ചിരുന്നു. റാലിയുടെ റൂട്ട് മാറ്റി ഗതാഗതക്കുരുക്കിന്റെ വ്യാപ്തി കുറച്ചത് അഭിനന്ദനാർഹമാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
റാലി മാറ്റാൻ തയ്യാറായ യൂത്ത് ലീഗിന്റെ നടപടി മാതൃകാപരമാണെന്നും കുറച്ചുസമയം മാത്രമാണ് ഗതാഗത തടസ്സമുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസെടുത്തതിൽ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. റാലിയുടെ ഉദ്ദേശ്യശുദ്ധിയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം മറൈൻഡ്രൈവിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് ഗതാഗതം തടസ്സപ്പെടുത്തി ജാഥ നടത്തിയത്. ബോൾഗാട്ടി ജംഗ്ഷൻ മുതൽ മറൈൻഡ്രൈവ് വരെയായിരുന്നു ജാഥ. റോഡ് പൂർണമായും തടസ്സപ്പെടുത്തിയായിരുന്നു യാത്ര.
ഗതാഗതക്കുരുക്കിനിടെ ഹോൺ മുഴക്കിയവർക്കെതിരെ അസഭ്യവർഷം ഉണ്ടായെന്നും ചോദ്യം ചെയ്തവർക്ക് നേരെ ആക്രമണം നടന്നെന്നും പരാതിയുണ്ട്. ഇതേത്തുടർന്നാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്.



