എറണാകുളം: എറണാകുളം ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികൾ ലഹരിമരുന്ന് കടത്തിയതിന്റെയും ഒളിപ്പിച്ചതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്ത്. വാഴക്കുലയിൽ പൊതിഞ്ഞ് എത്തിക്കുന്ന ലഹരിമരുന്ന് വീട്ടിലെ പക്ഷിക്കൂട്ടിലാണ് പ്രതികൾ സൂക്ഷിച്ചിരുന്നത്. പൊലീസ് പരിശോധന നടത്തിയാലും ലഹരിമരുന്ന് കണ്ടെത്താതിരിക്കാനാണ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
പക്ഷികൾക്ക് തീറ്റ നൽകുന്ന പാത്രങ്ങളിൽ പോലും രഹസ്യ അറകൾ ഉണ്ടാക്കിയിരുന്നു. ഹരിപ്പാട് സ്വദേശി ധനേഷ്, എറണാകുളം സ്വദേശികളായ ഷിനു, ഹരികൃഷ്ണൻ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഡാനി എന്നറിയപ്പെടുന്ന ധനേഷ് മികച്ച യുവകർഷകനുള്ള ഹരിപ്പാട് കൃഷിഭവന്റെ പുരസ്കാരം നേടിയ വ്യക്തിയാണ്. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോയി കൃഷിയെക്കുറിച്ച് പഠിച്ചിട്ടുള്ള ഇയാൾക്ക് മൈസൂരുവിൽ വാഴത്തോട്ടവുമുണ്ട്.
ധനേഷിന് നൈജീരിയൻ ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വാഴക്കുലയിൽ നിന്ന് ലഹരിമരുന്ന് ശേഖരിക്കുന്ന ദൃശ്യങ്ങൾ ലഹരിക്കടത്ത് സംഘം ധനേഷിന്റെ ഫോണിലേക്ക് അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ‘ഡാനി ഭായ്’ എന്ന പേരിലാണ് ഇയാളുടെ നമ്പർ ഫോണിൽ സേവ് ചെയ്തിരുന്നത്.


