തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് അന്വേഷണസംഘം നിർദേശം നൽകിയിരിക്കുന്നത്.
നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ ബൈജു തയ്യാറായിരുന്നില്ല. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിന് ശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകൂ എന്നായിരുന്നു ബൈജുവിന്റെ നിലപാട്. ഇതേത്തുടർന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും കർശന നോട്ടീസ് അയക്കുകയായിരുന്നു.
ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുന്നത് ഇത് മൂന്നാം തവണയാണ്. ഹാജരാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ഇതുവരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ഇന്നത്തെ ചോദ്യം ചെയ്യലിലൂടെ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.


