അൽ അമറാത്ത്: അണ്ടർ 19 ഏഷ്യാകപ്പിൽ സെമി പ്രവേശനം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങും. അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഎഇയാണ് ഇന്ത്യയുടെ എതിരാളികൾ. ടോസ് നേടിയ യുഎഇ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് സെമി ഫൈനലിൽ പ്രവേശിക്കാം.
രണ്ട് മത്സരങ്ങളും വിജയിച്ച പാകിസ്താൻ നേരത്തെ തന്നെ ഗ്രൂപ്പിൽ നിന്ന് സെമി ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും യുഎഇ മൂന്നാം സ്ഥാനത്തുമാണ്. രണ്ട് ടീമുകൾക്കും ഓരോ ജയവും തോൽവിയുമാണുള്ളത്. ആദ്യ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ട യുഎഇ രണ്ടാം മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ചിരുന്നു.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നേപ്പാൾ അണ്ടർ 19 ടീമിനെ പത്ത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 128 റൺസിന് പുറത്താക്കിയ ഇന്ത്യ 19.1 ഓവറിൽ ലക്ഷ്യം മറികടന്നു. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്താനോട് മൂന്ന് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടു. ആര്യവീർ സെവാഗ്, അൻവയ് ദ്രാവിഡ്, ഇഷാൻ സൂദ്, അർജുൻ രാജ്പുത് എന്നിവരാണ് ഇന്ത്യൻ നിരയിലെ ശ്രദ്ധേയ താരങ്ങൾ.


