തിരുവനന്തപുരം: മണ്ഡലകാലത്തിന് മുന്നോടിയായി വൃശ്ചികം ഒന്നുവരെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മില്‍മയില്‍ നിന്ന് 10,000 ലിറ്റര്‍ നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. നെയ്യ് വാങ്ങുന്നതിനുള്ള കാര്യത്തില്‍ തത്വത്തില്‍ ധാരണയായതായും ദേവസ്വം വിജിലന്‍സ് വിഭാഗത്തിന്റെ അനുമതി ലഭിച്ചശേഷം വിതരണം ആരംഭിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
നെയ്യ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശവും തേടും. നവംബര്‍ 15 വരെ നട അടച്ചിടുന്നതിനാല്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് ലഭിക്കാത്ത സാഹചര്യത്തിലാണ് മില്‍മയില്‍ നിന്ന് അടിയന്തരമായി നെയ്യ് വാങ്ങാന്‍ തീരുമാനിച്ചത്.
മുന്‍പ് നിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ നെയ്യ് കവചിത വാഹനത്തില്‍ തന്നെ എത്തിക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നെയ്യിന്റെ സുരക്ഷിതമായ വിതരണവും ഗുണനിലവാരവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
അതേസമയം, മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി അരവണയുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനുള്ള നടപടികളും ദേവസ്വം ബോര്‍ഡ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലവില്‍ സന്നിധാനത്ത് അരവണ നിര്‍മാണം പുരോഗമിക്കുകയാണ്. പരമാവധി അരവണ ഉല്പാദിപ്പിച്ച് സ്റ്റോക്ക് ചെയ്യാനാണ് അധികൃതരുടെ നീക്കം.
വൃശ്ചികം ഒന്നുവരെയുള്ള ദിവസങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മാത്രമാണ് ഇപ്പോള്‍ 10,000 ലിറ്റര്‍ നെയ്യ് വാങ്ങുന്നത്. മണ്ഡലകാലത്തെ തിരക്ക് മുന്നില്‍ക്കണ്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം.


