തിരുവനന്തപുരം: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ പാർട്ടിയുടെ ആഭ്യന്തര അന്വേഷണം. കേന്ദ്ര കമ്മിറ്റിക്ക് കീഴിലുള്ള ആഭ്യന്തര പരാതി പരിഹാര സമിതിയായ ഐസിസിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകും.
പാർട്ടിയുടെ കീഴ്ഘടകങ്ങളിലെ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നാൽ ഉപരിഘടകങ്ങളിലെ ഐസിസി അന്വേഷണം നടത്തണമെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐസിസി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പരാതി നൽകിയ ഒറ്റപ്പാലം സ്വദേശിനിയായ അഭിഭാഷകയുടെ മൊഴി സമിതി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം പൂർത്തിയാക്കിയ ശേഷം ഐസിസി റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരിക്കും സുരേഷ് ബാബുവിനെതിരെ തുടർനടപടികൾ സ്വീകരിക്കുക.
നേരത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ മാറ്റിയിരുന്നെങ്കിലും ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് പാർട്ടി ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം സ്വമേധയാ സ്ഥാനമൊഴിഞ്ഞതാണെന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം. എന്നാൽ ഇപ്പോൾ ആഭ്യന്തര അന്വേഷണം ആരംഭിച്ചതോടെ, സ്ഥാനമാറ്റത്തിന് പിന്നിൽ ആരോപണങ്ങൾ കൂടി കാരണമായിരുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.


