കൊച്ചി: എറണാകുളത്ത് പൊലീസുകാരന്റെ കൈത്തണ്ട കടിച്ചുമുറിച്ച് പ്രതിയുടെ ആക്രമണം. നോർത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ സിപിഒ അജിത് പോളിന് പരിക്കേറ്റു. സ്റ്റേഷനിൽവെച്ച് പ്രതി പൊലീസിനെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പട്രോളിങ്ങിനിടെയാണ് മുഹമ്മദ് ഇഖ്ബാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ ഇയാൾ അക്രമാസക്തനാകുകയായിരുന്നു. പൊലീസിനെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പൊലീസുകാരന്റെ കൈത്തണ്ടയിൽ കടിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി.



