തിരുവനന്തപുരം: പെറ്റി കോൺട്രാക്ടർമാർക്ക് കുടിശ്ശിക നൽകാതെ കെ.എസ്.ഇ.ബി. മൂന്നുമാസത്തെ പ്രവൃത്തികളുടെ തുക ലഭിക്കാതായതോടെ ജോലികളിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുകയാണ് കരാറുകാർ. വൈദ്യുതി മന്ത്രിയടക്കം ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ഇവരുടെ ആരോപണം.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ലൈൻ നിർമ്മാണം, അറ്റകുറ്റപ്പണികൾ, പുതിയ വൈദ്യുതി കണക്ഷനുകൾ നൽകൽ തുടങ്ങിയ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നവരാണ് പെറ്റി കോൺട്രാക്ടർമാർ. മഴയിലും കാറ്റിലും വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ അതിവേഗം സ്ഥലത്തെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതും ഇവരാണ്. എന്നാൽ കഴിഞ്ഞ മൂന്നുമാസമായി ഇവർക്ക് ചെയ്ത ജോലികളുടെ പണം ലഭിച്ചിട്ടില്ല.
അംഗീകരിച്ച ബില്ലുകളുടെ തുക പോലും വിവിധ കാരണങ്ങൾ പറഞ്ഞ് കെ.എസ്.ഇ.ബി വൈകിപ്പിക്കുകയാണെന്നാണ് പരാതി. ജില്ലയിൽ മാത്രം 75ഓളം പെറ്റി കോൺട്രാക്ടർമാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും തൊഴിലാളികൾക്കൊപ്പം നേരിട്ട് ജോലികളിലും ഏർപ്പെടുന്നവരാണ്. പത്തുകോടിയോളം രൂപയാണ് ആകെ കുടിശ്ശികയെന്നാണ് കോൺട്രാക്ടർമാർ പറയുന്നത്.
പൂർത്തിയാക്കിയ ജോലികളുടെ ബില്ലുകളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാത്തതിലും കരാറുകാർക്ക് പരാതിയുണ്ട്. കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്നാണ് ജോലികളിൽനിന്ന് വിട്ടുനിൽക്കാൻ ഇവർ തീരുമാനിച്ചത്.


