തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. ഒന്നാം പ്രതിയായ 17-കാരൻ അഭിരാമിനെ സംഭവസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. അഭിരാമിനെയും മറ്റൊരു സുഹൃത്തിനെയും കൊലപ്പെടുത്താനായിരുന്നു 17-കാരന്റെ പദ്ധതിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പെൺസുഹൃത്തായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമും മറ്റൊരു സുഹൃത്തും ചേർന്നാണെന്ന് 17-കാരൻ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഉമർ മുഫ്താറിനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. ഇതിനായി ആനന്ദയുടെ ഫോൺ ഉപയോഗിച്ച് അഭിരാമുമായി ചാറ്റ് ചെയ്ത് പാങ്ങപ്പാറയിലെത്തിച്ചു.
അഭിരാം സ്ഥലത്തെത്തിയപ്പോൾ യാദൃശ്ചികമായി അവിടെ എത്തിയതുപോലെ 17-കാരൻ അഭിനയിച്ചു. തുടർന്ന് ബീഡി വാങ്ങിയശേഷം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മറ്റൊരു സുഹൃത്തിനെക്കൂടി വിളിച്ചുവരുത്താൻ അഭിരാമിനോട് ആവശ്യപ്പെട്ടു. എന്നാൽ അഭിരാം ആദ്യം ഇതിന് തയ്യാറായില്ല. ഇതോടെയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് 17-കാരനും ഉമറും ചേർന്ന് അഭിരാമിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
കേസിലെ രണ്ടാം പ്രതിയായ ഉമർ മുഫ്താറിനെയും മൂന്നാം പ്രതിയായ ആനന്ദയെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് എത്തിക്കുകയും ചെയ്തിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും കേസിൽ കുടുക്കിയതാണെന്നും തെളിവെടുപ്പിനിടെ ഉമർ കരഞ്ഞുകൊണ്ട് വിളിച്ചുപറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ തുടർച്ചയായി മൊഴി മാറ്റുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ആനന്ദയും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഒന്നാം പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പ്രധാന തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. 17-കാരന് പുറമേ ഉമർ മുഫ്താർ, 17-കാരന്റെ പെൺസുഹൃത്തായ ആനന്ദ, ഉമറിന്റെ പെൺസുഹൃത്തായ ഐശ്വര്യ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നവംബർ ഒന്നിനാണ് സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ അഭിരാമിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 17-കാരൻ അഭിരാമുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കൊലപാതകത്തെക്കുറിച്ച് സൂചനകളൊന്നും നൽകിയിരുന്നില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തുവന്നത്. തുടർന്ന് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കിൽക്കെട്ടി വാഴയില കൊണ്ട് മൂടിയ നിലയിൽ അഭിരാമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.



