തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി സിപി ജോണ്‍. കുട്ടികളെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടികള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മാതാപിതാക്കള്‍ ആ വാഹനങ്ങള്‍ വിറ്റൊഴിവാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ കുട്ടികളെ മാത്രം പൂര്‍ണമായി കുറ്റപ്പെടുത്താനാകില്ല. അവരെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളുടെ അമിത വേഗതയ്ക്ക് പ്രധാന കാരണം നിലവിലെ സമയക്രമമാണ്. സ്വകാര്യ ബസുകള്‍ക്ക് ‘ഫ്ലെക്സിബിള്‍ ടൈമിംഗ്’ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ചിരിക്കുന്നത് രണ്ടര മിനിറ്റ് മാത്രമാണ്. കൊച്ചി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ സമയത്തിനുള്ളില്‍ ഇത്രയും ദൂരം സഞ്ചരിക്കുക അസാധ്യമാണ്. കനത്ത ഗതാഗതക്കുരുക്ക് സമയക്രമത്തെ താളംതെറ്റിക്കുന്നു. ഈ സാഹചര്യത്തില്‍, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം ‘ഫ്ലെക്സിബിള്‍ ടൈമിംഗ്’ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.



