തിരുവനന്തപുരം: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. കല്ലറ കെ.ടി. കുന്ന് എംജി കോളനിയിലെ ഹരിവിലാസത്തിൽ കൃഷ്ണപ്രസാദ് (25) ആണ് ശിക്ഷിക്കപ്പെട്ടത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
കുട്ടി രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. ബന്ധുവീട്ടിൽ കുട്ടി കളിച്ചുകൊണ്ടിരിക്കെ ആളില്ലാത്ത സമയം നോക്കി മുറിയിൽ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടിയെ അശ്ലീല വീഡിയോകൾ കാണിക്കുകയും സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നീട് കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ കുട്ടി തനിക്കുണ്ടായ ദുരനുഭവം അവരോട് പറയുകയായിരുന്നു. തുടർന്ന് വിവരം പുറത്തറിയുകയും പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അഡ്വ. ഡി.ആർ. പ്രമോദാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. അന്നത്തെ പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ ജിനേഷ് ജെ. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.













