വാഷിങ്ടൺ: ജർമനിയിൽ നിന്നുള്ള ഏകദേശം 5,000 അമേരിക്കൻ സൈനികരെ പിൻവലിക്കാൻ യുഎസ് പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നു. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും തമ്മിൽ ഉണ്ടായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ സൈനിക പിന്‍വലിക്കൽ പൂർത്തിയാക്കുമെന്ന് പെന്റഗൺ അറിയിച്ചു. ഇറാനെതിരായ യുഎസ് നിലപാടിനെ ജർമനി വിമർശിച്ചതിനെ തുടർന്ന് ഇരു നേതാക്കളും പരസ്യമായി പ്രതികരണങ്ങൾ നടത്തുകയും, തുടർന്ന് സൈന്യം പിൻവലിക്കാമെന്ന സൂചന ട്രംപ് നൽകുകയും ചെയ്തിരുന്നു.
ഇറാൻ വിഷയത്തിൽ യൂറോപ്യൻ സഖ്യകക്ഷികളിൽ നിന്ന് വേണ്ട പിന്തുണ ലഭിക്കാത്തതിലുള്ള അസന്തോഷമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് പെന്റഗൺ വക്താവ് ഷോൺ പാർണെൽ വ്യക്തമാക്കി.
ജപ്പാനിന് ശേഷം ഏറ്റവും കൂടുതൽ യുഎസ് സൈനിക സാന്നിധ്യമുള്ള രാജ്യമാണ് ജർമനി. നിലവിൽ ഏകദേശം 36,000 അമേരിക്കൻ സൈനികർ ജർമനിയിൽ തമ്പടിച്ചിരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.






