മുംബൈ:ജസ്പ്രീത് ബുംറയുടെ ഫോമില്ലായ്മ മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടിയാകുന്ന പശ്ചാത്തലത്തിൽ, താരത്തിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ നായകനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ കൃഷ്ണമചാരി ശ്രീകാന്ത് രംഗത്ത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ബുംറ വഴങ്ങിയ റൺസും വിക്കറ്റ് നേടുന്നതിലെ പരാജയവുമാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് ഓവറിൽ 54 റൺസാണ് ബുംറ വിട്ടുകൊടുത്തത്. ഈ സീസണിൽ ബുംറയുടെ പന്തുകൾക്ക് പഴയ മൂർച്ചയില്ലെന്നും താരം കടുത്ത ഫോം ഔട്ടിലാണെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
മുംബൈ ഉയർത്തിയ 243 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഹൈദരാബാദ് അനായാസം മറികടന്നത് ബൗളിംഗ് നിരയുടെ പരാജയമാണെന്ന് ശ്രീകാന്ത് നിരീക്ഷിക്കുന്നു. പ്രത്യേകിച്ച് ന്യൂ ബോളിൽ വിക്കറ്റ് നേടാൻ ശ്രമിക്കുന്നതിന് പകരം അമിതമായി സ്ലോവർ ബോളുകൾ പരീക്ഷിക്കുന്ന ബുംറയുടെ തന്ത്രം പാളുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നിൽ രണ്ട് ഇടംകൈയ്യൻ ബാറ്റർമാരുള്ളപ്പോൾ അവരെ സമ്മർദ്ദത്തിലാക്കി പുറത്താക്കാൻ നോക്കുന്നതിന് പകരം പ്രതിരോധത്തിലൂന്നിയ ബൗളിംഗാണ് ബുംറ കാഴ്ചവെച്ചത്. ടീമിലെ സഹതാരം ജോഫ്ര ആർച്ചർ തന്റെ വേഗത നിലനിർത്തി ബാറ്റർമാരെ പുറത്താക്കാൻ ശ്രമിക്കുമ്പോൾ ബുംറ അനാവശ്യ പരീക്ഷണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിലെ ഐപിഎൽ സീസണിൽ എട്ട് ഇന്നിങ്‌സുകളിൽ നിന്ന് വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് ബുംറയ്ക്ക് നേടാനായത് എന്നത് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം കണക്കുകളിൽ ഒന്നാണ്. ബുംറ തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് മൂലം ശാരീരികമായി ക്ഷീണിതനായിരിക്കാം എന്നും അതുകൊണ്ടാവാം പന്തുകൾക്ക് വേണ്ടത്ര വേഗതയും കൃത്യതയും ഇല്ലാത്തതെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ ഭൂരിഭാഗവും തോറ്റ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഏറെ പിന്നിലാണ്. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിർണ്ണായക മത്സരം നടക്കാനിരിക്കെ, ബുംറ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് മുംബൈയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ടീമിന്റെ കുന്തമുന തന്നെ ഇത്തരത്തിൽ നിറംമങ്ങുന്നത് ആരാധകരിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.




