കൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിർണായക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ കടുത്ത മത്സരം തുടരുന്നു. തൃണമൂൽ കോൺഗ്രസ്, ബിജെപി, ഇടതുപക്ഷ മുന്നണി എന്നീ പ്രധാന ശക്തികൾ തമ്മിലാണ് ത്രികോണ പോരാട്ടം.
അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസ് ശക്തമായി രംഗത്തിറങ്ങിയിരിക്കുമ്പോൾ, വിജയമെന്ന ലക്ഷ്യത്തോടെ ബിജെപിയും ആത്മവിശ്വാസത്തിലാണ്. ഇത്തവണ ശക്തമായ സ്ഥാനാർഥികളുമായി ഇടതുപക്ഷവും മത്സരരംഗത്ത് സജീവ സാന്നിധ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വോട്ടെണ്ണലിന് മുന്നോടിയായി ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമിന് സമീപം വൈദ്യുതി വിച്ഛേദിക്കപ്പെട്ടതും സിസിടിവികൾ പ്രവർത്തനരഹിതമായതുമെന്നാരോപിച്ച് മമത ബാനർജി രംഗത്തെത്തി.
സംസ്ഥാനത്തെ ആകെ 294 സീറ്റുകളിൽ 293 സീറ്റുകളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. 92.47 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വ്യാപക അക്രമവും ക്രമക്കേടുകളും നടന്നതായി ആരോപണമുയർന്നതിനെ തുടർന്ന് സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫൽതായി മണ്ഡലത്തിൽ 21-ന് റീപോളിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി തിരഞ്ഞെടുപ്പിന് മുമ്പേ വ്യാപകമായ ഒരുക്കങ്ങൾ നടത്തി സംസ്ഥാനത്തുടനീളം ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. തൃണമൂലിന്റെയും ബിജെപിയുടെയും രാഷ്ട്രീയത്തിനെതിരെ നിലപാട് എടുത്ത് ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇടതുപക്ഷം പ്രചാരണം നയിച്ചത്.
കൃഷിക്കാരും തൊഴിലാളികളും യുവാക്കളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ വലിയ പങ്കാളിത്തം ഇടതുപക്ഷ റാലികളിലും യോഗങ്ങളിലും ശ്രദ്ധേയമായി. ഈ പിന്തുണ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.




