കോട്ടയം: എക്സൈസ് സംഘം പൂട്ടി സീല്‍ ചെയ്ത ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കോട്ടയം മണര്‍കാടുള്ള രാജ് റീഗല്‍ ബാറിനെതിരെ കടുത്ത നടപടി. ബാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു നിര്‍ദേശം നല്കി.
ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇടയായതില്‍ വീഴ്ച വരുത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന ഫീല്‍ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ എക്സൈസ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
നിയമവിരുദ്ധമായി പുലര്‍ച്ചെ മുതല്‍ ബാര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ രാവിലെ അഞ്ചുമണി മുതല്‍ മദ്യവില്‍പ്പന നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് ബാര്‍ പൂട്ടി സീല്‍ ചെയ്തു.
എന്നാല്‍ വൈകുന്നേരത്തോടെ എക്സൈസ് നിര്‍ദേശങ്ങള്‍ അവഗണിച്ച് ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു. വിവരം ലഭിച്ചതോടെയാണ് മന്ത്രി ഇടപെട്ടത്. സംഭവത്തില്‍ അടിയന്തരമായി നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കാനും മന്ത്രി എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
കോട്ടയത്തെ ചില ബാറുകള്‍ അനുവദിച്ച സമയക്രമം പാലിക്കാതെ നേരത്തെ തുറന്ന് പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ മന്ത്രി വിമര്‍ശിച്ചിരുന്നു. നിയമവിരുദ്ധമായി അതിരാവിലെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.


