ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത മുന്നേറ്റവുമായി ടിവികെ മുന്നിലെത്തുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായ ലീഡാണ് ടിവികെ നേടുന്നത്.
ഡിഎംകെക്ക് ശക്തമായ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. ചെന്നൈയിലെ കൊളത്തൂരിൽ എം.കെ. സ്റ്റാലിൻ പിന്നിലായിരിക്കുമ്പോൾ, ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം വോട്ടെണ്ണൽ ആരംഭിച്ചതോടെ സ്റ്റാലിൻ ഏകദേശം 700 വോട്ടിനാണ് പിന്നിലായത്.
ഡിഎംകെയുടെ കരുത്തുറ്റ മേഖലയായ ചെന്നൈയിൽ തന്നെ ടിവികെ തരംഗം പ്രകടമാണ്. തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ വിജയ് 1600 വോട്ടിന്റെ ലീഡോടെ മുന്നിലാണ്. പെരമ്പൂരിൽ അദ്ദേഹത്തിന് 3000 വോട്ടിന്റെ മുൻതൂക്കം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആകെ നിലയിൽ ടിവികെ 67 സീറ്റുകളിൽ മുന്നിലായിരിക്കുമ്പോൾ, എഐഎഡിഎംകെ 52 സീറ്റുകളിലും ഡിഎംകെ 50 സീറ്റുകളിലും ലീഡ് ചെയ്യുന്നു. രണ്ട് മണ്ഡലങ്ങളിലും വിജയ് മുന്നിൽ തുടരുന്നതും ശ്രദ്ധേയമാണ്.
വോട്ടെണ്ണൽ തുടരുന്നതിനിടെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രവണതകളാണ് പുറത്തുവരുന്നത്.




