തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്ന സൂചനകൾക്കിടെ കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് നേതാക്കൾ അറിയിച്ചു. ഇതിനിടെ സംസ്ഥാനമൊട്ടാകെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചു.
വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫ് 43, യുഡിഎഫ് 96, എൻഡിഎ 1 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ 1,536 വോട്ടിന്റെ ലീഡ് സ്വന്തമാക്കി.
അതേസമയം, 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. വി. ശിവൻകുട്ടി, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വി.എൻ. വാസവൻ, ആർ. ബിന്ദു, ഗണേഷ് കുമാർ, പി. രാജീവ്, ഒ.ആർ. കേളു, അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവരാണ് പിന്നിൽ നിൽക്കുന്നത്.
യുഡിഎഫ് പ്രമുഖരിൽ പലരും മുന്നേറ്റത്തിലാണ്. ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് മുന്നിലാണ്. സംസ്ഥാനത്ത് വോട്ടെണ്ണൽ തുടരുന്നതിനിടെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.




