കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കം. വിയോജിപ്പുകളും അഭിപ്രായഭിന്നതകളും കാരണം വാർഷിക റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല. വ്യക്തതയില്ലാത്ത കണക്കുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു എന്നിവർ നിലപാട് അറിയിച്ചു. കണക്കുകളിൽ പിശക് ഉണ്ടെന്ന് നടൻ രഞ്ജി പണിക്കറും പ്രതികരിച്ചു.
വിഷയത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്ന് സംഘടനയെ തകർക്കാൻ ആരാലും കഴിയില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. യോഗത്തിൽ വലിയൊരു യുവതാരനിര വിട്ടുനിന്നതായും റിപ്പോർട്ടുണ്ട്. ആസിഫ് അലി, പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബേസിൽ ജോസഫ്, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തില്ല.
പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തിയ ശേഷമുള്ള ആദ്യ വാർഷിക യോഗമാണിത്. കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ നടന്ന യോഗത്തിൽ സംഘടനയിലെ വിവാദങ്ങളും ചർച്ചയായി. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച അൻസിബയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം അവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്ന് വ്യക്തമല്ല. ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയവും ഒരു വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. നേതൃമാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തിൽ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന ആരോപണവും ഉൾപ്പെട്ടിട്ടുണ്ട്.






