കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്നതിനിടെ കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി. പാർട്ടി മത്സരിച്ച 12 മണ്ഡലങ്ങളിലും പിന്നിലായതാണ് നിലവിലെ പ്രവണത. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരവും യുഡിഎഫ് തരംഗവും ഉയർന്നതോടെ അതിന്റെ പ്രധാന ആഘാതം കേരള കോൺഗ്രസ് (എം) നേരിടുന്നതായി വിലയിരുത്തപ്പെടുന്നു.
പാർട്ടിയുടെ ശക്തികേന്ദ്രമായ പാലായിൽ ചെയർമാൻ ജോസ് കെ. മാണി പിന്നിലാണെന്നത് ശ്രദ്ധേയമാണ്. ഇടുക്കിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പിന്നിലാണ്. കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജിനെതിരെ കോൺഗ്രസ് സ്ഥാനാർഥി റോണി കെ. ബേബി മുന്നിലാണ്. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും പിന്നിലായിരിക്കുകയാണ്.
പി.ജെ. ജോസഫുമായുണ്ടായ ഭിന്നതയെ തുടർന്ന് യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്ന കേരള കോൺഗ്രസ് (എം), 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കിയിരുന്നു. 2021ൽ 12 സീറ്റിൽ മത്സരിച്ച പാർട്ടി അഞ്ചിടങ്ങളിൽ വിജയിച്ചിരുന്നു.
എന്നാൽ ഇത്തവണ സ്ഥിതി മറിഞ്ഞിരിക്കുകയാണ്. മുന്നണിമാറ്റ അഭ്യൂഹങ്ങൾക്കിടയിലും പാർട്ടിയെ എൽഡിഎഫിൽ നിലനിർത്തിയ ജോസ് കെ. മാണിക്കും നേതൃത്വത്തിനും ഇത് വലിയ വെല്ലുവിളിയായി മാറുന്നു. അതേസമയം, കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ഏഴ് മണ്ഡലങ്ങളിൽ മുന്നിലാണ്.




