തൃശ്ശൂർ: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമര്‍ശവുമായി സ്‌കൂള്‍ ഉടമ. തൃശ്ശൂർ മാളയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്‌കൂള്‍ ഉടമ ഡോ. രാജു ഡേവിസാണ് രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിവാദ സന്ദേശം പങ്കുവെച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്നും അവധി ദിവസമായിരുന്നിട്ടും സ്‌കൂളിലെത്താത്തവര്‍ വിശദീകരണം നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാന്‍ വിവിധ സ്ഥലങ്ങളിലേക്ക് സ്‌കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരവധി രക്ഷിതാക്കള്‍ കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ ഉടമ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ചത്.
എല്ലാത്തിനും സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവര്‍ സ്വാതന്ത്ര്യദിനത്തില്‍ കുട്ടികളെ വീട്ടിലിരുത്തുകയാണെന്നും ഇതാണ് കുട്ടികളെ ധിക്കാരികളാക്കുന്നതെന്നും സന്ദേശത്തില്‍ ആരോപിക്കുന്നു. പരിപാടിയില്‍ കുട്ടികള്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരു ലക്ഷം രൂപ ചെലവാകില്ലായിരുന്നുവെന്നും സ്‌കൂള്‍ ഉടമ പറഞ്ഞതായി രക്ഷിതാക്കള്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ കുറവും പരിപാടിക്കായി ചെലവായ പണവും സംബന്ധിച്ച നിരാശയിലാണ് സ്‌കൂള്‍ ഉടമ ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. സ്‌കൂള്‍ ഉടമയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.



