കൊൽക്കത്ത: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ യുവതി അറസ്റ്റിൽ. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സംസ്ഥാന സെക്രട്ടേറിയറ്റായ നബാനിൽ പ്രവേശിച്ച യുവതിയെ ഡൽഹിയിൽ നിന്നാണ് ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. അകങ്ഷ വിദ്യാർത്ഥിയെന്ന യുവതിയാണ് അറസ്റ്റിലായത്.
ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. തെറ്റായ വിവരങ്ങൾ നൽകി പശ്ചിമ ബംഗാൾ പൊതുമരാമത്ത് മന്ത്രി അജയ് പൊദ്ദാറുമായി യുവതി കൂടിക്കാഴ്ചയ്ക്ക് അനുമതി നേടിയിരുന്നു. കനത്ത സുരക്ഷയുള്ള നബാനിലെ മന്ത്രിയുടെ ഓഫീസിൽ സുരക്ഷാ പരിശോധനകൾ മറികടന്ന് എത്തിയ യുവതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സംഭാഷണത്തിനിടെ യുവതിയുടെ വാക്കുകളിൽ വൈരുദ്ധ്യം തോന്നിയ മന്ത്രി അവരുടെ ഔദ്യോഗിക പദവിയെക്കുറിച്ച് അന്വേഷിച്ചു. തട്ടിപ്പ് പുറത്താകുമെന്ന് മനസ്സിലാക്കിയ യുവതി ഉടൻ തന്നെ ഓഫീസിൽ നിന്ന് കടന്നുകളയുകയായിരുന്നു.
തുടർന്ന് മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ പൊലീസിനെ വിവരമറിയിച്ചു. ഷിബ്പൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറിയതായി കണ്ടെത്തി. പിന്നാലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള ബംഗാൾ പൊലീസ് സംഘം രാത്രിയോടെ ഡൽഹിയിലേക്ക് തിരിച്ചു. വ്യാഴാഴ്ച ഡൽഹിയിലെ വസതിയിൽ നിന്നാണ് യുവതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കൊൽക്കത്തയിലേക്ക് എത്തിക്കാൻ ട്രാൻസിറ്റ് റിമാൻഡ് ആവശ്യപ്പെട്ടതായി ബംഗാൾ പൊലീസ് അറിയിച്ചു. യുവതിക്ക് പ്രാദേശികമായി സഹായികളുണ്ടായിരുന്നോ എന്നും മന്ത്രിയുമായി കൂടിക്കാഴ്ച ഉറപ്പാക്കാൻ ഉപയോഗിച്ച രേഖകൾ സംബന്ധിച്ചും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.




