സങ്കീർണമായ ചോദ്യങ്ങൾക്ക് കൂടുതൽ വേഗത്തിലും കൃത്യതയിലും മറുപടി നൽകാൻ ഗൂഗിൾ സെർച്ചിൽ വൻ മാറ്റത്തിനൊരുങ്ങി ഗൂഗിൾ. പുതിയ എഐ മോഡലായ ജെമിനി 4 ഹൈഡ്രജന്റെ കരുത്തിലാണ് സെർച്ചിൽ നിർണായക അപ്‌ഡേറ്റ് അവതരിപ്പിക്കുന്നത്. ഗൂഗിൾ സെർച്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഡൽ പരിഷ്‌കാരമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.
ദൈനംദിന ആവശ്യങ്ങൾക്കായി വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കുന്ന എഐ മോഡലാണ് ജെമിനി 4 ഹൈഡ്രജൻ. മുൻ മോഡലായ ജെമിനി 3.8 ഫ്ലാഷിനെക്കാൾ 2.5 മടങ്ങ് വേഗത്തിൽ പ്രവർത്തിക്കാൻ പുതിയ മോഡലിന് കഴിയുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.
ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികൾ സ്വയം പൂർത്തിയാക്കാൻ എഐയെ പ്രാപ്തമാക്കുന്ന ഏജന്റിക് വർക്ക്ഫ്ലോകൾക്കാണ് ഹൈഡ്രജൻ പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. സങ്കീർണമായ ജോലികൾക്കായി ജെമിനി 4 കാർബൺ, ജെമിനി 4 ആർഗൺ തുടങ്ങിയ മോഡലുകളും ഗൂഗിൾ വികസിപ്പിച്ചിട്ടുണ്ട്.
പുതിയ അപ്‌ഡേറ്റോടെ നീളമുള്ള ചോദ്യങ്ങൾ, ഒന്നിലധികം നിർദേശങ്ങൾ ഉൾപ്പെടുത്തിയുള്ള തിരച്ചിലുകൾ, അക്ഷരത്തെറ്റുകളുള്ള ചോദ്യങ്ങൾ എന്നിവയുടെ യഥാർഥ ഉദ്ദേശ്യം തിരിച്ചറിഞ്ഞ് മറുപടി നൽകാൻ സെർച്ചിന് സാധിക്കും.
പുതിയ അപ്‌ഡേറ്റിലെ പ്രധാന സവിശേഷതയാണ് ഫാൻ-ഔട്ട് സാങ്കേതികവിദ്യ. ഉപയോക്താവ് നൽകുന്ന സങ്കീർണമായ ഒരു ചോദ്യത്തെ ചെറിയ ഉപചോദ്യങ്ങളായി വിഭജിച്ച് വിവിധ വെബ്‌സൈറ്റുകളിലും ലിങ്കുകളിലും ഒരേസമയം തിരച്ചിൽ നടത്തുന്നതാണ് ഈ രീതി. ഇതിലൂടെ സാധാരണ തിരച്ചിലിൽ കണ്ടെത്താൻ പ്രയാസമുള്ള പ്രസക്തമായ വിവരങ്ങളും ശേഖരിക്കാനാകും.
ഗൂഗിൾ എഐ മോഡിൽ ഇനി കൂടുതൽ ദൃശ്യസമ്പന്നമായ മറുപടികളും ലഭ്യമാകും. ചിത്രങ്ങൾ, താരതമ്യ പട്ടികകൾ, പ്രത്യേകമായി തയ്യാറാക്കുന്ന ടൂളുകൾ, ക്രമീകരിച്ച വിവരങ്ങൾ എന്നിവ തിരച്ചിൽ ഫലങ്ങളിൽ ഉൾപ്പെടുത്തും. സങ്കീർണമായ വിഷയങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഇത് സഹായിക്കും.
വെബ് തിരച്ചിലിന് പുറമെ കോഡിങ് ഉൾപ്പെടെയുള്ള ജോലികളിലും ജെമിനി 4 ഹൈഡ്രജൻ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. കോഡ് എഴുതുക, പരിശോധനകൾ നടത്തുക, വരുത്തിയ മാറ്റങ്ങൾ ശരിയാണോയെന്ന് വിലയിരുത്തുക തുടങ്ങിയ ജോലികൾ സ്വതന്ത്രമായി നിർവഹിക്കാൻ മോഡലിന് കഴിയും.
എഐയുടെ പ്രവർത്തനശേഷി നിയന്ത്രിക്കുന്നതിനായി ലോ, മീഡിയം, ഹൈ, എക്സ്ട്രാ ഹൈ എന്നിങ്ങനെ നാല് തിങ്കിങ് ലെവലുകളും ഒരുക്കിയിട്ടുണ്ട്. ഇതിൽ ഹൈ ആണ് ഡിഫോൾട്ട് ഓപ്ഷൻ. കൂടുതൽ സങ്കീർണമായ ജോലികളിൽ മറ്റ് കരുത്തുറ്റ ജെമിനി മോഡലുകളുമായി ചേർന്നും പ്രവർത്തിക്കാനാകും.
ഏജന്റ് അരീന ബെഞ്ച്മാർക്കിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ ഹൈഡ്രജൻ. ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികൾ, വിവരശേഖരണം, വിശകലനം, കോഡ് പരിശോധന എന്നിവയിലെ പ്രകടനമാണ് ഈ ബെഞ്ച്മാർക്കിൽ വിലയിരുത്തുന്നത്.
പുതിയ മോഡൽ ഗൂഗിൾ സെർച്ച് ഉപയോക്താക്കൾക്കായി ആഗോളതലത്തിൽ ലഭ്യമാക്കിത്തുടങ്ങിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജെമിനി ആപ്പ്, ജെമിനി എപിഐ, ഗൂഗിൾ എഐ സ്റ്റുഡിയോ എന്നിവയിലേക്കും പുതിയ മോഡൽ എത്തുന്നുണ്ട്. ഗൂഗിളിന്റെ ആന്റിഗ്രാവിറ്റി ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന പണമടച്ചുള്ള എഐ പ്രോ, അൾട്രാ വരിക്കാർക്കും സേവനം ലഭ്യമാകും.


