കൊച്ചി: ബിജെപി വിട്ട് പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ബിജെപി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളും അർഹമായ പരിഗണനയും നേതൃസ്ഥാനങ്ങളും ലഭിക്കാത്തതുമാണ് പാർട്ടി വിടാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രമുഖരുമായി പത്മജ ചർച്ചകൾ നടത്തിയതായും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് ഔദ്യോഗിക ചർച്ചകളിലേക്ക് കടന്നിട്ടില്ല.
2024 മാർച്ചിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെപിയിലെത്തിയ ശേഷം 2025 മാർച്ചിൽ ദേശീയ കൗൺസിൽ അംഗമായി നിയമിക്കപ്പെട്ടതൊഴിച്ചാൽ പ്രധാനപ്പെട്ട സ്ഥാനങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഗവർണർ പദവി ലഭിക്കുമെന്ന തരത്തിൽ നേരത്തെ സൂചനകൾ ഉയർന്നിരുന്നെങ്കിലും അതും യാഥാർഥ്യമായില്ല. ഇതോടെ ബിജെപി നേതൃത്വവുമായുള്ള അകൽച്ച വർധിച്ചെന്നാണ് റിപ്പോർട്ടുകൾ.
പത്മജ കോൺഗ്രസിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയാണ് നിലവിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കൾ ബിജെപിയിൽ ചേർന്നത് ദേശീയതലത്തിൽ വലിയ രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചിരുന്നു. ഈ സാഹചര്യത്തിൽ പത്മജയുടെ മടക്കം ബിജെപിക്ക് രാഷ്ട്രീയ തിരിച്ചടിയും കോൺഗ്രസിന് നേട്ടവുമാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.
അതേസമയം, പത്മജയുടെ മടങ്ങിവരവിനോട് കോൺഗ്രസിനുള്ളിൽ എല്ലാവർക്കും ഒരേ നിലപാടല്ല. കോൺഗ്രസ് വിട്ടുപോകുമ്പോൾ സഹോദരനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരനെതിരെ ‘ചതിയൻ’ എന്ന പരാമർശമടക്കം നടത്തിയ പത്മജയുടെ മുൻകാല പ്രസ്താവനകൾ പാർട്ടിക്കുള്ളിൽ ഇപ്പോഴും ചർച്ചയാണ്. നേതാക്കൾക്കെതിരെ വ്യക്തിപരമായ വിമർശനങ്ങളും അവർ ഉന്നയിച്ചിരുന്നു.
തൃശൂരിലെ കെ. കരുണാകരന്റെ വസതിയായ മുരളി മന്ദിരത്തിലേക്ക് ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് പ്രവേശനം നൽകിയതും കോൺഗ്രസ് പ്രവർത്തകരിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പദവികൾ പ്രതീക്ഷിച്ചുള്ള മടക്കമാണ് ഇതെന്ന ആരോപണവുമായി കോൺഗ്രസിലെ സൈബർ വിഭാഗവും ഒരു വിഭാഗം നേതാക്കളും രംഗത്തുണ്ട്. പത്മജ തിരിച്ചെത്തിയാലും ഉടൻ പ്രധാന പദവികൾ ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
2001ൽ കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KTDC) അധ്യക്ഷയായാണ് പത്മജ സജീവ രാഷ്ട്രീയത്തിലെത്തിയത്. 2004ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016ലും 2021ലും തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല.
തൃശൂർ ഡിസിസിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് 2024 മാർച്ചിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. ഇപ്പോൾ ബിജെപി വിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പത്മജയുടെ അടുത്ത രാഷ്ട്രീയ നീക്കത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
എന്നാൽ ബിജെപി വിടുന്നതായോ കോൺഗ്രസിലേക്ക് മടങ്ങുന്നതായോ പത്മജയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


