മലപ്പുറം: വണ്ടൂരിൽ വീട് കുത്തിത്തുറന്ന് 24 പവൻ സ്വർണാഭരണങ്ങളും 4,000 രൂപയും കവർന്നു. വണ്ടൂർ വാളോരിങ്ങലിൽ അഡ്വ. ഹുസൈന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം വീട്ടിലില്ലാത്ത സമയം നോക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
ഈ മാസം 14ന് രാവിലെ ഹുസൈനും കുടുംബവും എറണാകുളത്തുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയം വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കിയ മോഷ്ടാക്കൾ മുൻവശത്തെ വാതിൽ തകർത്താണ് അകത്തുകയറിയത്. അലമാരയിൽ വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 4,000 രൂപയുമാണ് കവർന്നത്.
ഹുസൈന്റെ സഹോദരൻ ഖാലിദ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മുൻവശത്തെ വാതിൽ തകർന്ന നിലയിൽ കണ്ടതിനെ തുടർന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടൻ വണ്ടൂർ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി ഡോഗ് സ്ക്വാഡിനെയും എത്തിച്ച് തെളിവുകൾ ശേഖരിച്ചു. കുടുംബം വീട്ടിലില്ലാത്ത വിവരം കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.


