ഷാർജ: അഞ്ചുമാസത്തോളം ശമ്പളം നൽകാതെ കമ്പനി അധികൃതർ ബുദ്ധിമുട്ടിച്ച കണ്ണൂർ സ്വദേശിനിക്ക് കുടിശ്ശിക തുക ലഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഇടപെടലിനെ തുടർന്നാണ് തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് സ്വദേശി നിഷ രാജന് ശമ്പളവും കോടതിച്ചെലവും തിരികെ ലഭിച്ചത്.
8,000 ദിർഹമാണ് നിഷയ്ക്ക് ലഭിച്ചത്. രണ്ട് വർഷം മുമ്പാണ് നിഷ ഷാർജയിലെ ഒരു ബ്യൂട്ടി സലൂണിൽ ജോലിക്ക് പ്രവേശിച്ചത്. എന്നാൽ എറണാകുളം സ്വദേശിയായ സ്ഥാപന ഉടമ അഞ്ച് മാസത്തെ ശമ്പളം നൽകാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് നിഷ എം.വി. ഗോവിന്ദന്റെ സഹായം തേടി. അദ്ദേഹം യു.എ.ഇയിലെ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിക്ക് രേഖാമൂലം പരാതി കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനടപടികൾ ആരംഭിച്ചതോടെ സ്ഥാപന ഉടമ ഒത്തുതീർപ്പിന് തയ്യാറായി. തുടർന്നാണ് നിഷയ്ക്ക് കുടിശ്ശിക ശമ്പളവും കോടതിച്ചെലവും ലഭിച്ചത്.


